പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ഒലവക്കോട് മുഖ്യ തപാലോഫീസിൽ പ്രവർത്തനം തുടങ്ങി. എം.ബി. രാജേഷ് എം.പി. ഉദ്ഘാടനംചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷനായി. ഇന്ത്യയിലെ 245-ാമത് പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രമാണ് പാലക്കാട്ട് തുടങ്ങിയത്. വിവിധ സ്പോൺസർമാരുടെ സഹായത്തോടെയാണ് സൗകര്യങ്ങൾ ഒരുക്കിയത്. കോഴിക്കോട് നോർത്ത് റീജ്യൺ പോസ്റ്റ് മാസ്റ്റർ ജനറൽ ജിതേന്ദ്ര ഗുപ്ത, റീജണൽ പാസ്പോർട്ട് ഓഫീസർ പ്രശാന്ത് ചന്ദ്രൻ, മനോജ് കുമാർ, എം. നാരായണൻ, വി.പി. രഘുനാഥ്, റസീനാ ബഷീർ, സി.എം. ഹരിലാൽ, ജാഫർ തൈയിൽ, ഭാനു ലാലി, എം. അനന്തൻ, മൂസ തുടങ്ങിയവർ പങ്കെടുത്തു.
#പാസ്പോർട്ട് സേവാകേന്ദ്രം
ഓൺലൈനായി സമർപ്പിക്കുന്ന പാസ്പോർട്ട് അപേക്ഷകൾ പരിശോധിക്കുന്നതിനും സ്വീകരിക്കുന്നതിനും പാസ്പോർട്ട് ഓഫീസിനുകീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ. ഏത് ജില്ലക്കാർക്കും ഈ സേവാകേന്ദ്രത്തിൽ പാസ്പോർട്ടിന് അപേക്ഷിക്കാം. ഓൺലൈനിൽ രജിസ്റ്റർചെയ്യുമ്പോൾ പാസ്പോർട്ട് ഓഫീസായി കൊച്ചി തിരഞ്ഞെടുക്കണം. ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തേണ്ടതിനാൽ അപേക്ഷകൻ നേരിട്ട് ഹാജരാവണം.
#പാസ്പോർട്ടിന് അപേക്ഷിക്കാൻ
*www.passportindia.gov.in എന്ന വെബ്സൈറ്റ് മുഖേനയോ mPassport Seva എന്ന മൊബൈൽ ആപ്ലിക്കേഷൻവഴിയോ അക്ഷയകേന്ദ്രങ്ങൾമുഖേനയോ പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിക്കാം.
*ഫീസായി 36 പേജ് ബുക്ക്‌ലെറ്റിന് 1500 രൂപയും 60 പേജിന്റേതിന് 2000 രൂപയുമാണ്. മുതിർന്ന പൗരന്മാർക്കും എട്ടുവയസ്സിൽ താഴെയുള്ളവർക്കും ഫീസിൽ 10 ശതമാനം ഇളവുണ്ട്. പാസ്പോർട്ട് ഫീസ് ഓൺലൈനായി അടയ്ക്കണം. തത്കാലിൽ അപേക്ഷിക്കുന്നവർ ഇതിനുപുറമേ 2000 രൂപകൂടി നേരിട്ട് പാസ്പോർട്ട് സേവാകേന്ദ്രത്തിൽ അടയ്ക്കണം.
*പാസ്പോർട്ടിനാവശ്യമായ രേഖകളുടെയും വിദ്യാഭ്യാസരേഖകളുടെയും അസ്സൽ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ ഹാജരാക്കണം.
#പുതുക്കാൻ
*നിലവിലെ പാസ്പോർട്ട് മാത്രം തെളിവായി പാസ്പോർട്ട് സേവാകേന്ദ്രത്തിൽ ഹാജരാക്കാം. വിവരങ്ങൾ മാറ്റേണ്ടതുണ്ടെങ്കിൽ അതിനാവശ്യമായ രേഖകൾ കരുതണം.
*പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞ് പുതുക്കാൻ പിഴയടയ്ക്കേണ്ട ആവശ്യമില്ല
|