എവറസ്റ്റിനെ തന്റെ കാല്‍ക്കീഴിലാക്കി തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ (42) ചരിത്രമെഴുതി. എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തില്‍ സ്‌പെയിന്‍, ഇറ്റലി, യു.എസ്.എ , ആസ്‌ത്രേലിയ, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നായി 26 പേര്‍ ഉണ്ടായിരുന്നു. 2015ലും 2018ലും എവറസ്റ്റിനടുത്തെത്തിയ നാസര്‍ എവറസ്റ്റ് ബെയ്‌സ് ക്യാമ്പും പിന്നിട്ട് 18519 അടി ദൂരം താണ്ടിയിരുന്നു.
നാസറിന് സാഹസങ്ങള്‍ എന്നും കളിത്തോഴനായിരുന്നു. 2018 ല്‍ മലേഷ്യയില്‍ നടന്ന അയേണ്‍മാന്‍ പട്ടത്തിനുളള മത്സരത്തില്‍ വിജയിയായത് ഈ സാഹസങ്ങളോടുള്ള അടങ്ങാത്ത ആവേശമായിരുന്നു. നീന്തലും ഓട്ടവും സൈക്കിള്‍ സവാരിയും എല്ലാം ചേര്‍ന്ന ശക്തര്‍ക്ക് മാത്രം വേണ്ടിയുള്ള അന്താരാഷ്ട്ര മത്സരമാണ് അയേണ്‍മാന്‍. 3.8 കിലോമീറ്റര്‍ കടലിലൂടെ നീന്തല്‍, 180 കി.മീ. സൈക്കിള്‍ ചവിട്ടല്‍, 42.2 കിലോമീറ്റന്‍ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂര്‍ത്തിക്കുന്നവര്‍ക്കാണ് അയേണ്‍മാന്‍ പട്ടം ലഭിക്കുക. ഇവയെല്ലാം പൂര്‍ത്തീകരിക്കാന്‍ 14 മണിക്കൂറും 57 മിനിറ്റും മാത്രമായിരുന്നു നാസറിന് ആവശ്യമായി വന്ന സമയം.
വളരെ ചെറുപ്പത്തിലെ തികഞ്ഞ പരിശ്രമശാലിയായിരുന്നു നാസര്‍. ജീവിതത്തിന് നിറമില്ലാത്ത ആദ്യകാലഘട്ടങ്ങളില്‍ അഗതി മന്ദിരത്തില്‍ പഠനം നടത്തി. പട്ടാമ്പി ഗവ.കോളജില്‍ നിന്ന് ബി.കോമില്‍ യൂണിവേഴ്‌സിറ്റിയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ കഠിന പരിശ്രമത്തിലൂടെ സി.എ പാസ്സാവുകയും കാമ്പസ് അഭിമുഖത്തിലൂടെ ഭോപ്പാലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തിലാണ് ജോലി ചെയ്യുന്നത്.
2018ല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സ്‌പോര്‍ട്‌സ് എക്‌സലന്‍സി അവാര്‍ഡ് നാസറിനെ തേടിയെത്തിയിരുന്നു. 2017ലെ ഫ്രാന്‍സ് മാരത്തോണില്‍ കൊളംബോയിലും അയേണ്‍മാന്‍ മത്സരത്തിലും ജി.സി.സി രാഷ്ട്രങ്ങളിലെ പ്രധാന മാരത്തോണുകളിലും പങ്കെടുത്തു. ഈ രംഗത്ത് മികവ് തെളിയിച്ച ഇത്രയും നേട്ടങ്ങള്‍ കൈവരിച്ച ഏക ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ് അബ്ദുല്‍ നാസര്‍. തന്റെ ജീവിതാനുഭവങ്ങളും ജീവിത വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഉള്‍കൊള്ളുന്ന ദി റോഡ് ലെസ്സ് ട്രാവല്‍ഡ് എന്ന പുസ്തകവും നാസര്‍ രചിച്ചു. അന്താരാഷ്ട്ര തലത്തില്‍ മോട്ടിവേഷനല്‍ സ്പീക്കര്‍ , ട്രൈനര്‍ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നാസര്‍ സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പി. കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും നഫീസയുടെയും മകനാണ്