Back to News
ചുറ്റുവട്ടം

പട്ടാമ്പി-പുലാമന്തോള്‍ പാത നന്നാക്കാന്‍ നിര്‍ദേശം നല്‍കിയതായി എം.എല്‍.എ.

പട്ടാമ്പി-പുലാമന്തോള്‍ പാത നന്നാക്കാന്‍ നിര്‍ദേശം നല്‍കിയതായി   എം.എല്‍.എ.
പട്ടാമ്പി-പുലാമന്തോള്‍ പാതയുടെ തകര്‍ച്ച പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടതായി മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കരാറുകാരന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചതായി അസി. എന്‍ജിനിയറും വ്യക്തമാക്കി. അതേസമയം, പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നിലനില്‍ക്കെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടുവര്‍ഷം മുന്‍പാണ് പട്ടാമ്പി-പുലാമന്തോള്‍ പാതയുടെ റബ്ബറൈസിങ് പ്രവൃത്തി നടത്തിയത്. നിര്‍മാണത്തിലെ അപാകത്തിനെതിരെ വ്യാപകപ്രതിഷേധം തുടക്കംമുതല്‍ ഉണ്ടായിരുന്നു. 

രണ്ടുവര്‍ഷം പിന്നിട്ടുന്നതിനുമുന്‍പുതന്നെ റോഡ് തകര്‍ന്നടിയുവാന്‍ തുടങ്ങി. ഒന്‍പതുകോടിയോളം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. കോടികള്‍ ചെലവഴിച്ച് നവീകരിച്ച റോഡിലൂടെയുള്ള യാത്ര ഇന്ന് ദുരിതപൂര്‍ണമാണ്. പലയിടത്തും റോഡ് തകര്‍ന്നുതരിപ്പണമായി കിടക്കയാണ്. റോഡിലെ ടാറിന്റെ മുകള്‍ഭാഗം അടര്‍ന്നുപോയ നിലയിലാണ് പലയിടത്തും. ഇതോടൊപ്പം വലിയകുഴികളും രൂപപ്പെട്ടുകഴിഞ്ഞു. മഴ പെയ്താല്‍ കുഴികള്‍ അപകടക്കെണികളായി മാറുകയുമാണ്. റോഡിന്റെ തകര്‍ച്ചമൂലം നിരവധി അപകടങ്ങളും ഈ പാതയില്‍ പതിവാണ്. പലയിടത്തും കലുങ്കുകള്‍ക്ക് സംരക്ഷണഭിത്തി ഇല്ലാത്തതും അപകടം വിളിച്ചോതുന്നുണ്ട്. റോഡരികിലെ കുടിവെള്ളപദ്ധതിയുടെ പൈപ്പുകള്‍ പൊട്ടിയുള്ള റോഡ് തകര്‍ച്ചയും വ്യാപകമായി. കൊപ്പം ടൗണില്‍ ഇത്തരത്തിലുള്ള റോഡുതകര്‍ച്ച പരിഹരിക്കാന്‍ നടപടികള്‍ ആയിവരികയാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതരും വ്യക്തമാക്കി. പൈപ്പുകള്‍ നേരെയാക്കുന്നതിന് പഞ്ചായത്ത് ഫണ്ട് നല്‍കുന്ന നടപടി പുരോഗമിക്കയാണ്. ഈ പ്രവൃത്തി പൂര്‍ത്തിയായാല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകും. അതേസമയം, റോഡ് റബ്ബറൈസ് ചെയ്ത കരാറുകാരനോട് റോഡിലെ കുഴികള്‍ അടയ്ക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല. വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ പൊതുമരാമത്ത് വകുപ്പിനും റോഡിനായി ഫണ്ട് അനുവദിക്കാന്‍ നിര്‍വാഹമില്ല. ചുരുക്കത്തില്‍ കരാറുകാരന്‍ കനിഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ക്ക് ദുരിതയാത്ര തുടരുകതന്നെ വേണം
Related News