കൊപ്പം-തിരുവേഗപ്പുറ പാതയിലെ നരിപ്പറമ്പിന് സമീപം സ്വകാര്യവ്യക്തിയുടെ വളപ്പില്‍ തള്ളിയ മാലിന്യം കുഴിച്ചുമൂടി. ബുധനാഴ്ച രാവിലെ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുഴിയെടുത്ത് മാലിന്യം മൂടിയത്.
അതേസമയം, മാലിന്യംതള്ളിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ലോഡുകണക്കിന് ഹോട്ടല്‍മാലിന്യമാണ് ജനവാസകേന്ദ്രത്തില്‍ തള്ളിയത്.
ഹോട്ടലിന്റെയും മാലിന്യം കൊണ്ടുവന്ന കരാറുകാരന്റെയും വിശദവിവരങ്ങള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് പരാതി.
കഴിഞ്ഞദിവസം രാത്രിയാണ് മാലിന്യം തള്ളിയത്. തള്ളിയവരെ കൊണ്ടുവന്ന് മാലിന്യം നീക്കം ചെയ്യണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രാത്രി രംഗത്തിറങ്ങിയിരുന്നു.
വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെ നടപടികളിലേക്ക് പ്രതിഷേധം നീങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് ഇടപെട്ട് കുഴിച്ചുമൂടിയത്.
സ്വകാര്യവ്യക്തിയുടെ വളപ്പില്‍ തള്ളിയ മാലിന്യം കുഴിച്ചുമൂടി