വിളയൂർ : അംഗീകാരങ്ങളുടെ നിറവിൽ വിളയുരുകാരുടെ പ്രിയ കൃഷി ഓഫീസർ വിപി സിന്ധു കാർഷിക മേഖലക്ക് തന്നെ മാതൃകയാകുന്നു. മികച്ച ജില്ലാ കാർഷിക ഓഫീസറെന്ന അംഗീകാരത്തിന് തൊട്ടു പിറകെ സംസ്ഥാനത്തെ തന്നെ മികച്ച കൃഷി ഓഫീസർ എന്ന ബഹുമതിയും ഇരുപത് വർഷത്തോളമായി പട്ടാമ്പിയുടെ പുത്രിയായി മാറിയ ഈ മുവാറ്റുപുഴകാരിയെ തേടിയെത്തിയത് കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വിളയൂർപഞ്ചായത്തിനും ഇരട്ടി മധുരം നൽകുന്നു .
ഒരു വർഷകാലത്തിനുള്ളിൽ വിളയൂർ പഞ്ചായത്തിൽ നടപ്പിലാക്കിയ ജൈവ പച്ചക്കറികൃഷി രംഗത്തെ പ്രവർത്തനങ്ങൾ, നെൽകൃഷിയിലെ കൂട്ടുകൃഷി, കരകൃഷി , തരിശുരഹിത പഞ്ചായത്തിനുള്ള പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയെ കാർഷിക രംഗത്ത് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവർത്തനങ്ങൾ, കലാ സാംസ്കാരിക പ്രവർത്തനങ്ങളോടെ നടത്തിയ ഓണ സമൃദ്ധി, ഇക്കോ ഷോപ്പ് ഉൾപ്പെടെ വിപണന രംഗത്തെ പ്രവർത്തനങ്ങൾ, കാർഷിക പദ്ധതികളിൽ കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതികൾ സംയോജിപ്പിക്കുക തുടങ്ങിയ മാതൃകാ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർ എന്ന പുരസ്‍കാരത്തിനർഹയാക്കിയത്.വിളയൂർ പഞ്ചയത്ത് കൃഷിഭവൻറെ നേതൃത്വത്തിൽ തുടക്കമായ വിഷരഹിത ജൈവ പച്ചക്കറിയിലൂടെയാണ് കാർഷിക രംഗത്ത് ഇവർ സജീവമായ ഇടപെടലുകൾ ആരംഭിച്ചത് .ഇതേതുടർന്ന് 2016 ൽ ജൈവ കൃഷിക്ക് സർക്കാരിൻറെ അംഗീകാരം ലഭിച്ചു. അന്ന് ലഭിച്ച പുരസ്‌കാര തുകയായ മൂന്ന് ലക്ഷം ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ചിലവഴിക്കുകയായിരുന്നു .
മുൻ കൃഷി ഓഫീസറായ പിഎം ജോഷിയാണ് ഭർത്താവ് . 2014ല്‍ പി.എം. ജോഷിക്കും മികച്ച കൃഷി ഓഫീസര്‍ക്കുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചിരുന്നു. സംസ്ഥാനപുരസ്‌കാരം നേടുന്ന ദമ്പതിമാരായ കൃഷി ഓഫീസര്‍മാര്‍ എന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. രേഷ്മ, രോഷ്‌ന, ജോഷ്‌ന എന്നിവര്‍ മക്കളാണ്. 2008ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തരിശുസ്ഥലത്ത് നെല്‍ക്കൃഷി ചെയ്തതിനുള്ള പുരസ്‌കാരവും വി.പി. സിന്ധുവിന് ലഭിച്ചിട്ടുണ്ട്. മികച്ച കാര്‍ഷികമാതൃകകള്‍ കണ്ടെത്തുന്നതിന് 2014ല്‍ കൃഷിവകുപ്പ് നടത്തിയ അവതരണത്തില്‍ പ്രത്യേകപുരസ്‌കാരം നേടുകയുണ്ടായി.