മൂര്‍ക്കനാട് മില്‍മ പ്ളാന്‍റ് സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാറിന് കത്ത് നല്‍കും
മൂര്‍ക്കനാട് നിര്‍മിക്കുന്ന മില്‍മ പ്ളാന്‍റിന് സ്ഥലം ഏറ്റെടുക്കുന്നതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കാന്‍ മില്‍മ മലബാര്‍ റീജനല്‍ യൂനിയന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ സഹായം ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. റവന്യു അക്വിസിഷന്‍ വിഭാഗത്തിന്‍െറ നേതൃത്വത്തിലാണ് സ്ഥലമേറ്റെടുക്കുക. മൂര്‍ക്കനാട് പടകളിപ്പറമ്പിന് മുകളിലെ 12.7 ഏക്കര്‍ സ്ഥലത്താണ് പ്ളാന്‍റ് നിര്‍മാണത്തിന് പദ്ധതിയിട്ടത്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലം പ്ളാന്‍റിന് അനുയോജ്യമാണെന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധസംഘം യോഗത്തില്‍ വ്യക്തമാക്കി. പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കേണ്ടിവരില്ല. പ്രദേശത്ത് കൃഷി സ്ഥലവുമില്ല. വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ എത്താനാവുന്ന റോഡുകളുണ്ട്. ആവശ്യമായ വെള്ളം കുന്തിപ്പുഴയില്‍നിന്ന് ഒരു കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് എത്തിക്കാനാകും. മലബാറിലെ മില്‍മയുടെ ആറാമത്തെ പ്ളാന്‍റാണ് മൂര്‍ക്കനാട് നിര്‍മിക്കുന്നത്്. 25 കോടി രൂപയുടെ കരുതല്‍ നിക്ഷേപവും 15 കോടി രൂപയുടെ സ്വന്തം ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം. മലപ്പുറം ജില്ല പൂര്‍ണമായും പാലക്കാട് ജില്ലയിലെ ഏതാനും പ്രദേശങ്ങളും പ്ളാന്‍റിന്‍െറ പ്രവര്‍ത്തന പരിധിയില്‍ വരും. പാല്‍ സംഭരണത്തിനായി പ്രവര്‍ത്തന പരിധിയിലെ പഞ്ചായത്തുകളില്‍ രണ്ട് വാര്‍ഡുകള്‍ക്ക് ഒന്ന് എന്ന തോതില്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കും. സഹകരണ സംഘങ്ങള്‍ വഴിയാണ് പാല്‍ സംഭരിക്കുക. പ്രതിവര്‍ഷം 125 കോടി രൂപയുടെ വ്യാപാരമാണ് ലക്ഷ്യം.