വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് : ഉദ്ഘാടനം ഏപ്രില്‍ 14നു
തൃത്താലയുടെ ടൂറിസം വികസനത്തിന് പുത്തനുണര്‍വ് നല്‍കിക്കൊണ്ട് വെള്ളിയാങ്കല്ലിലെ പന്തിരുകുലം പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. ഉദ്ഘാടനം ഏപ്രില്‍ 14നു ശ്രീ.ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.
നൂറ്റാണ്ടുകളുടെ ചിരകാല സ്വപ്‌നമായ ഈ പദ്ധതി പൂർത്തിയാകുന്നതോടെ തൃത്താലയുടെ മുഖഛായ തന്നെ മാറും. മുൻ എം.എൽ.എ ടി.പി. കുഞ്ഞുണ്ണി തുടക്കമിട്ട ടൂറിസം പദ്ധതി പൂർത്തിയാവുന്നത് വി.ടി. ബൽറാം എം.എൽ.എയുടെ ശ്രമഫലമായാണ്. ഇതിന് മുന്പും പദ്ധതിക്കായി മുറവിളി ഉയർന്നെങ്കിലും ആരും ഇതിന് ചെവികൊടുത്തിരുന്നില്ല. ഒരിക്കലും നടപ്പിലാകില്ലെന്ന് വിശ്വസിച്ചിരുന്ന പദ്ധതിയാണ് യുദ്ധകാലടിസ്‌ഥാനത്തിൽ പൂർത്തിയായിവരുന്നത്.
ആദ്യഘട്ടത്തിൽ 45 ലക്ഷം രൂപയുടെ പദ്ധതികളാണ് പൂർത്തിയായത്. വിശ്രമകേന്ദ്രം, കംഫർട്ട് സ്‌റ്റേഷൻ, കോഫിഹൗസ്, പുല്ല് പതിപ്പിക്കൽ, ഗ്രാനൈറ്റ് പതിച്ച നടപാത, കൈവരികൾ, ലൈറ്റുകൾ എന്നിവയെല്ലാം അന്ന് പൂർത്തിയാക്കിയിരുന്നു. കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാം ഇവിടെ സജ്‌ജമാക്കുന്നുണ്ട്. സുരക്ഷിതമായി പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ പുഴയോരത്ത് കൈവരികളും പണിയുന്നുണ്ട്. കൃത്രിമ വെള്ളച്ചാട്ടവും ഇവിടെ ഒരുക്കുന്നുണ്ട്. കൂടുതൽ സൗകര്യത്തിനായി പാർക്കിനോട് ചേർന്നു കിടക്കുന്ന ഒന്നര ഏക്കർ സ്‌ഥലം കൂടി ടൂറിസം പദ്ധതിയോട് ചേർത്തിട്ടുണ്ട്.
രണ്ടാഘട്ട നിർമ്മാണ പ്രവൃത്തിക്ക് ഒരു കോടി 45 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി യാഥാർത്യമാകുന്നതോടെ നിരവധി ചരിത്രങ്ങൾക്ക് കർമ്മസാക്ഷിയായി നിൽക്കുന്ന തൃത്താലയുടെയും ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെയും വികസനത്തിന് വഴിയൊരുക്കും.