കൊപ്പത്ത് സൈബര്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ തീരുമാനം
പാലക്കാട്: ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന 16 പദ്ധതികള്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനിയിലെ ജനസമ്പര്‍ക്ക വേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് ഐ.ഐ.ടി, പട്ടികജാതി വികസന വകുപ്പിന്റെ മെഡിക്കല്‍ കോളേജ്, ഓര്‍ഗാനിക് പാലക്കാട്, പട്ടാമ്പിയില്‍ സൈബര്‍ പാര്‍ക്ക് എന്നിവ മുതല്‍ കുടിവെള്ള വിതരണ പദ്ധതികളും റോഡു പദ്ധതികളും ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനങ്ങള്‍. ഒരു വര്‍ഷത്തിനകം ഇവ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അടിസ്ഥാന സൗകര്യമേഖലയില്‍ ആന്വിറ്റി പദ്ധതിയില്‍ പെടുത്തി ജില്ലയില്‍ 120 കോടി രൂപ ചെലവില്‍ കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി-ഷൊര്‍ണ്ണൂര്‍ റോഡ് നിര്‍മ്മിക്കും. പട്ടാമ്പിയിലെ ചപ്പാത്തിനു പകരം പുതിയ പാലമുള്‍പ്പെടെയുള്ളതാണ് പദ്ധതി. പാലക്കാട് നഗരത്തില്‍ നിന്ന് 6 പുതിയ ലിങ്ക് ബൈപാസുകള്‍ നിര്‍മ്മിക്കാന്‍ 25.3 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി ക്ഷേമ-ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ കെ. അച്ച്യുതന്‍, സി.പി മുഹമ്മദ്, അഡ്വ. എന്‍. ഷംസുദീന്‍, ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, നഗരസഭാധ്യക്ഷന്‍ പി. വി രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി സ്വാഗതം പറഞ്ഞു.