VILAYUR PANCHAYATH

Vilayur History

സാമൂഹിക ചരിത്രം
ആദ്യകാലത്തെ സാമൂഹ്യതിന്മകളുടെ കൊടിയേറ്റം ഇവിടെയും ദൃശ്യമാണ്. വേഷത്തില്‍, ഭാഷയില്‍, ജീവിതരീതിയില്‍ തുടങ്ങി എല്ലാ തുറകളിലും വേര്‍തിരിവ് പ്രകടമായിരുന്നു. സാമൂഹ്യ മതിലുകളുടെ കെട്ടില്‍പ്പെട്ട് ചതഞ്ഞരഞ്ഞ ഗ്രാമ മുഖമായിരുന്നു വിളയൂരിനുള്ളത.് ചൊവ്വയും, ഗുളികനും, ചുടല ഭദ്രകാളിയും, മറുതലകളും, കരിംകുട്ടിയും, പറക്കുട്ടിയും, ഗന്ധര്‍വ്വന്‍മാരും തിമിര്‍ത്തു തിറയാട്ടം നടത്തിയ ഗ്രാമഭൂമിയായിരുന്നു ഇവിടം. ജന്മി കുടിയാന്‍ ബന്ധത്തില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യ അടിത്തറ തന്നയാണ് ഈ നനഞ്ഞ മണ്ണിലും നിലനിന്നിരുന്നത്.അക്കാലത്ത് ജീവിക്കാനുള്ള ഏക മാര്‍ഗ്ഗം കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളുമായിരുന്നു. കാര്‍ഷികവൃത്തി കൂടാതെ നാമമാത്രമായ കച്ചവടവും നടത്തിയിരുന്നു. കൃഷിയില്‍തന്ന പ്രധാന്യം നെല്ലുല്‍പാദനത്തിനും അല്പം സ്വല്പം തെങ്ങും, കവുങ്ങും, പച്ചക്കറി, കിഴങ്ങു വര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നു. കാര്‍ഷിക വിഭവങ്ങള്‍ ജലഗതാഗതം വഴി പൊന്നാനിയില്‍ എത്തിക്കുകയും അവിടെ നിന്ന് പല സാധനങ്ങളും ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്തിരുന്നു. കരിങ്ങനാട്, കൈപ്പുറം, അങ്ങാടിപ്പുറം തുടങ്ങിയ ചന്തകളില്‍ നിന്ന് തലചുമടായും കാളവണ്ടികളിലും സാധനങ്ങള്‍ എത്തിച്ച് ചെറുകച്ചവടക്കാര്‍ വില്‍പന നടത്തുകയും ചെയ്തിരുന്നു. വിളയൂര്‍ പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗ്ഗം റോഡുകളാണ്. 1924-ല്‍ ബ്രീട്ടീഷുകാര്‍ നിര്‍മ്മിച്ച പാലം ഈ പഞ്ചായത്തിനെ മലപ്പുറം ജില്ലയുമായി ബന്ധപ്പിക്കുന്നു. പെരിന്തല്‍മണ്ണ -പട്ടാമ്പി സ്റ്റ്റേറ്റ് ഹൈവേ (മെയിന്‍ റോഡ്) പഞ്ചായത്തിലൂടെ കടന്നുപോകുന്നു. തൂതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്ന പഞ്ചായത്തിലെ ആളുകള്‍ക്ക് സമീപ പഞ്ചായത്തുകളായ മൂര്‍ക്കനാട്, പുലാമന്തോള്‍ എന്നിവിടങ്ങളില്‍ എത്തിചേരുവാന്‍ തോണി കടത്തു സര്‍വ്വീസിനെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാനത്തിന്റേയും അലയൊലികള്‍ വിളയൂരിലും സ്വാധീനം ചെലുത്തി. വിളയൂര്‍ സെന്ററില്‍ നിന്നും ഏതാനും വാര അകലത്തില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ളാവ്കുന്ന് വൈദേശിക അധിപത്യത്തിന്റെ ഓര്‍മ്മക്കുറിപ്പാണ്. സായിപ്പന്മാര്‍ യാത്രമദ്ധ്യേ ഇവിടെ തങ്ങിയിരുന്നുവെന്നും നാട്ടിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. പുലാമന്തോള്‍ പാലവും ബ്രീട്ടിഷുകാരുടെ ഓര്‍മ്മ നില നിര്‍ത്തുന്നു. സമീപ പ്രദേശങ്ങളിലൊന്നും അക്കാലത്ത് റോഡുണ്ടായിരുന്നില്ല. 1924 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം ഇന്നത്തെ മലപ്പുറം ജില്ലയുമായി വിളയൂരിനെ ബന്ധിപ്പിച്ചു. അക്കാലത്തു പട്ടാള ക്യാമ്പിലെ ആവശ്യത്തിന് തൂതപ്പൂഴയില്‍ നിന്നും കൊപ്പത്തേക്ക് വെള്ളം പമ്പ് ചെയ്തിരുന്നു. 1919 ല്‍് സ്ഥാപിച്ച വിളയൂരിലെ പഴക്കം ചെന്ന സ്ഥാപനങ്ങളില്‍ ഒന്നായ വിളയൂര്‍ സബ് രജിസ്റ്റ്റര്‍ ആഫീസ് ദേശീയ സമര സ്മരണയും ബ്രീട്ടിഷ് സ്മരണയും ഒപ്പം നിലനിര്‍ത്തുന്നു. മലബാര്‍ ലഹള കാലത്ത് പ്രസ്തുത ആഫീസ് തീവെച്ചു നശിപ്പിക്കപ്പെട്ടു.

കാര്‍ഷിക ചരിത്രം
പഞ്ചായത്തിനെ കുളിരണിയിച്ചുകൊണ്ട് കുന്തിപ്പുഴ വടക്കുപടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്നു. പഞ്ചായത്തിലെ എല്ലാ തോടുകളും വടക്കുപടിഞ്ഞാറോട്ടൊഴുകി കുന്തിപ്പുഴയില്‍ ചെന്ന് ചേരുന്നു. മുന്‍കാലങ്ങളില്‍ കൃഷിയും അതുമായി ബന്ധപ്പെട്ട തൊഴിലുകളുമായിരുന്നു ജനങ്ങളുടെ ജീവിതമാര്‍ഗ്ഗം. നെല്‍പ്പാടങ്ങള്‍ മുഴുവനും ഇരുപ്പു കൃഷി സ്ഥലങ്ങളായിരുന്നു. ചിലയിടങ്ങളില്‍ മൂന്നു വിളകളും എടുത്തിരുന്നു. നിലം ഉഴുതുമറിക്കാന്‍ പോത്തുകളെയും കാളകളെയും ആണ് ആശ്രയിച്ചിരുന്നത്. കുളം, കിണര്‍, തോട് എന്നിവക്കുപുറമെ മണ്‍ചിറ, പാത്തിച്ചിറ എന്നിവ കെട്ടിയുണ്ടാക്കി വെള്ളം സംഭരിച്ച് ഏത്തം, കയറ്റുകൊട്ട, വേത്ത്, പനം, പോളം എന്നിവ ഉപയോഗിച്ച് തേവി കൃഷിക്ക് വെള്ളം ഉപയോഗപ്പെടുത്തിയിരുന്നു.മകരകൊയ്ത്തു കഴിഞ്ഞാല്‍ പച്ചക്കറി കൃഷി ചെയ്യാനാരംഭിക്കും. ഏത്തം തേവി തനച്ചാണ് പച്ചക്കിറി കൃഷി ചെയ്തിരുന്നത്. വെള്ളരി, കുമ്പളം, ചിരങ്ങ, കയ്പ, മത്തന്‍, പടവലം, വെണ്ട, ചോളം മുതലായവയായിരുന്നു പ്രധാന പച്ചക്കറി കൃഷിയിനങ്ങള്‍. ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ കരിങ്ങനാട്, കയ്പ്പുറം എന്നീ ആഴ്ചച്ചന്തകളിലും, കുന്നത്തു പറമ്പിലും (പുലാമന്തോള്‍) അങ്ങാടിപ്പുറത്തും തലച്ചുമടായി കൊണ്ടു പോയി വിറ്റിരുന്നു. വിളവെടുപ്പിനുശേഷം കതിര്‍ക്കുലകളും, വേനല്‍ക്കാല പച്ചക്കറികളായ വെള്ളരിക്ക, കുമ്പളങ്ങ, മത്തന്‍ എന്നിവകളും കര്‍ഷകരുടെ വീടുകളില്‍ കെട്ടിത്തൂക്കിയിരുന്ന കാഴ്ച ഏറെ ഹ്യദ്യമായിരുന്നു. പൂളക്കിഴങ്ങ്, ചക്കരക്കിഴങ്ങ് എന്നിവ കച്ചവടക്കാര്‍ വാങ്ങി കുന്തിപ്പുഴയിലൂടെ വഞ്ചിയില്‍ കയറ്റി പൊന്നാനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. പഞ്ഞ മാസങ്ങളില്‍ പട്ടിണിയില്‍ നിന്ന് രക്ഷ നേടാന്‍ പനംപൊടി, കൊടപ്പന പൊടി, കൂവപ്പൊടി, താള്, തകര, കാട്ടുചേന, ചക്ക എന്നിവ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു.”പനയും,പട്ടയുംപത്തുദിവസം, താളും തകരയും പത്തുദിവസം, അങ്ങനെയും ഇങ്ങനെയും പത്തുദിവസം എന്ന ഒരു പഴയമൊഴി പ്രസിദ്ധമായിരുന്നു. കര്‍ക്കിടക മാസത്തെ 30 ദിവസവും അങ്ങനെ കഴിയുമെന്നാണ് കാരണവന്മാര്‍ പറഞ്ഞിരുന്നത്.മകരകൊയ്ത്തുകാലത്ത് പാടങ്ങളില്‍ രാത്രി സമയത്ത് മാടം കെട്ടി നെല്ലിനു കാവല്‍ കിടക്കുന്ന സമ്പ്രദായം അവസാനിച്ചിട്ട് അധിക കാലമായിട്ടില്ല. ആദ്യകാലങ്ങളില്‍ തൊഴിലാളികള്‍ക്കു കൂലി നെല്ലായിട്ടാണ് നല്‍കിയിരുന്നത്. ആണിന് രണ്ടുനാരായവും പെണ്ണിന് ഒരു നാരായവും ആയിരുന്നു അന്നത്തെ കൂലി കന്നുകാലികളെ നോക്കുന്നതിന് ഓരോ പൂവിലും ഓരോ പറനെല്ല് കൂലിക്കുപുറമേ കൊടുത്തിരുന്നു. പണിമേലാളായി “പണി” ചെറുമന്‍ ഉണ്ടായിരുന്നു. പണിക്കാരെ വിളിച്ചുകൂട്ടന്നത് അയാളുടെ ചുമതലയായിരുന്നു. അതിന് ഒരു പൂവ്വില്‍ ഒരു പറ നെല്ല് അവകാശമായി കൊടുത്തിരുന്നു. ഓണത്തിന് ജന്മിയുടെ വകയായി പണിക്കാര്‍ക്ക് ഒരു സദ്യ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഓണം ആഘോഷിക്കാന്‍ ചുരുങ്ങിയതോതില്‍ നെല്ല്, തേങ്ങ, മുണ്ട് എന്നിവ നല്‍കിയിരുന്നു. 410 ഹെക്ടര്‍ സ്ഥലത്ത് പ്രയോജനപ്പെടുന്നപഞ്ചായത്തിലെ ചെറുകിടജലസേചന പദ്ധതിയാണ് തുടിക്കല്‍. അടുത്ത കാലത്തായി ചെറുകിട ജലസേചന വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയാണ് കരിങ്ങനാട്ടെ കരിപ്പമണ്ണചിറ.വിളയൂര്‍ പഞ്ചായത്തിന്റെ മുഴുവന്‍ ചരിത്രവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

സാംസ്കാരിക വികസന ചരിത്രം
കേരളത്തില്‍ വള്ളുവനാട് പ്രദേശത്ത് എഴുത്ത് ആശാന്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്ത് പള്ളിക്കുടങ്ങളിലൂടെയാണ് വിളയൂരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. ഈ എഴുത്ത് പള്ളിക്കൂടങ്ങളാണ് പിന്നീട് അംഗീകാരമുള്ള സ്ക്കൂകളായി മാറിയത്.കരിങ്ങനാട് ഭാഗത്തുള്ള എടത്തോല്‍ മൊയ്തുകുട്ടിമുല്ല എന്ന ഒരു കവി അദ്ദേഹത്തിന്റെ ചില കവിതാസമാഹാരങ്ങളും മാപ്പിളപ്പാട്ടുകളും അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരിങ്ങനാട് ഭാഗത്തുള്ള കുഞ്ഞാലിക്കക്ക് സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുന്നതിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്.വിളയൂര്‍ പഞ്ചായത്തിലെ കരിങ്ങനാട് ഭാഗത്ത് തുടങ്ങിയ വായനശാല പ്രശ്സതമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. മണ്‍മറഞ്ഞ രാമ പൊതുവാള്‍ മാസ്റ്റ്റര്‍, കുഞ്ഞിമുഹമ്മദ് മാസ്റ്റ്റര്‍ തുടങ്ങിയവര്‍ അതിന്റെ ആദ്യകാല പ്രവര്‍ത്തകരായിരുന്നു. തനത് നാടന്‍ കലാരൂപങ്ങളായ പുതന്‍, തിറ, പറപ്പൂതന്‍, ആണ്ടി എന്നിവ ഉത്സവങ്ങളോടനുബന്ധിച്ച് ഇപ്പോഴും കാണാറുണ്ട്. കോല്‍ക്കളി, വാര്‍ത്ത്യമുട്ട്, തുമ്പിതുള്ളല്‍, ദഫ്മുട്ട്, പലജാതി വിഭാഗങ്ങളും അവരുടേതായ തനത് ശൈലിയോടു കൂടി നീട്ടി പാടിയിരുന്ന പാട്ടുകള്‍, തിരുവാതിരക്കളി, അറബനമുട്ട്, ചെറുമക്കളി എന്നിവ സാവധാനം പ്രദേശത്ത് നിന്ന് മറഞ്ഞുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിര്‍ത്തി പ്രദേശത്ത് കിടക്കുന്ന വിളയൂര്‍ ഗ്രാമപഞ്ചായത്ത് ഇതര പഞ്ചായത്തുകളെ പോലെ സംസ്ക്കാരസമ്പന്നമായ ഒരു പ്രദേശമാണ്. വിവിധ ജാതിമത വിഭാഗങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന ഈ പ്രദേശം ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ ജീവിതരീതിക്ക് ഉത്തമ ഉദാഹരണമാണ്. പഞ്ചായത്തിന്റെ കീഴില്‍ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയടക്കം നാല് ഗ്രന്ഥശാലകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.