Back to News
General

17 യുവാക്കളുടെ കൂട്ടായ്മയില്‍ 'കര്‍മ' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജൈവകൃഷി

17 യുവാക്കളുടെ കൂട്ടായ്മയില്‍ 'കര്‍മ' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജൈവകൃഷി
എടപ്പലത്ത് 17 യുവാക്കളുടെ കൂട്ടായ്മ ജൈവപച്ചക്കറിക്കൃഷിയില്‍ മികവ് തെളിയിക്കുന്നു. എടപ്പലത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് 'കര്‍മ' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പടവലം, കയ്പ, വെണ്ട, വെള്ളരി, കുമ്പളം, ചീര, തണ്ണിമത്തന്‍, പീച്ചിങ്ങ, വഴുതിന, പയര്‍, തക്കാളി എന്നിവ കൃഷി ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടായി കൃഷിയിലും നേട്ടം കൊയ്ത ലുക്മാനാണ് നേതൃത്വം. ട്രസ്റ്റിന്റെ പ്രസിഡന്റ് മേച്ചേരി സമദും സെക്രട്ടറി അക്ബറും ട്രഷറര്‍ ലുക്മാനുമാണ്. 
 
കൃഷിയിടം ട്രാക്റ്ററില്‍ പൂട്ടിയശേഷമുള്ള പണികള്‍ മുഴുവന്‍ ചെയ്യുന്നത് ഇവരാണ്. സര്‍ക്കാരിലും സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുന്നവരാണ് ഇവര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒത്തുകൂടും. ചാലുകീറിയും നട്ടുനനച്ചും പണികള്‍ ചെയ്യും. ഞായറാഴ്ചകളില്‍ ഉച്ചയ്ക്കുശേഷം ഒത്തുകൂടും. 
 
ജൈവവളം മാത്രമേ ഉപയോഗിക്കാറുള്ളൂ. വെച്ചൂര്‍ പശുവിന്റെ ചാണകവും മൂത്രവും മണ്ണിര കമ്പോസ്റ്റും കായീച്ചകളെ ഇല്ലാതാക്കാന്‍ ഹെറിമോണ്‍ കെണിയുമാണ് ഉപയോഗിക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍നിന്ന് കിട്ടുന്ന വെര്‍ട്ടിസീനയവും പ്രയോജനപ്പെടുത്തുന്നു. ഇവിടെ ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിനടത്തിയ സ്ഥലമാണ്.
 
ജലസേചനം മോട്ടോര്‍ വഴി തൂതപ്പുഴയില്‍ നിന്നാണ്. വിളയൂര്‍ കൃഷി ഓഫീസര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ സഹായവും വലിയ പ്രചോദനമാണെന്ന് യുവാക്കള്‍ പറയുന്നു. പച്ചക്കറി വിത്തുകളും മണ്ണിര കമ്പോസ്റ്റും നല്‍കിയത് കൃഷിഭവനാണ്. തുടക്കത്തില്‍ ഓരോരുത്തരും 500 രൂപ എടുത്താണ് പ്രവര്‍ത്തനം തുടങ്ങിയത്.
 
പച്ചക്കറിക്ക് ആവശ്യക്കാര്‍ വിളയൂര്‍ പഞ്ചായത്തില്‍ തന്നെ ഏറെയുണ്ട്. ലുക്മാന്റെ നേതൃത്വത്തില്‍ ട്രസ്റ്റിന്റെ പേരില്‍ മുമ്പുതന്നെ സ്‌കൂള്‍ കുട്ടികള്‍ക്കായി കൃഷിപാഠം നല്‍കി ജൈവകൃഷിക്ക് വിത്തുകള്‍ നല്‍കിയിരുന്നു.
Related News