സ്വന്തം ഗ്രാമത്തിനായൊരു മൊബൈല്‍ ആപ്പ്
ഗ്രാമത്തിനായി മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ എടപ്പലം ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.
നാട്ടിലൂടെയോടുന്ന ബസിന്റെ സമയം മുതല്‍ എടപ്പലത്തുകാരുടെ ദിവസേനയുളള ജീവിതങ്ങളെ ബാധിക്കുന്ന ഏകദേശ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയൊരു ആപ്പ്.
എടപ്പലത്തുകാര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആന്‍ഡ്രോയ്ഡ് ആപ്പ് എത്തിയതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇനി ഒറ്റക്ലിക്കില്‍ കാര്യങ്ങളറിയാമെന്നായി.
ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായിട്ട് കുറച്ചു ദിവസമേ ആയുള്ളൂവെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എടപ്പലത്തുകാരെല്ലാം തെങ്ങ് കയറാന്‍ ആളെ നോക്കുന്നതും, വാര്‍ക്കപണിക്കാരെയും, പെയിന്റിംഗ് ജോലിക്കാരെയും തേടുന്നതും ഒറ്റ ക്ലിക്കിലാണെന്ന് പറയേണ്ടി വരും.
നാട്ടുകാരെ കാലങ്ങളായി അലട്ടുന്ന പ്രശ്നമായിരുന്നു ഗതാഗതം. കുറഞ്ഞ ബസുകള്‍ മാത്രം ഉള്ളത് കൊണ്ടു തന്നെ പുറത്ത് നിന്ന് ഇവിടേക്ക് എത്തുന്നവര്‍ പലപ്പോഴും പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡിലും നെടുങ്ങോട്ടൂര്‍ ഭാഗത്തും ബസ് കിട്ടാതെ വഴിയിലാകുന്നത് പതിവായിരുന്നു. ഇത് കണക്കിലെടുത്ത് പുലാമന്തോള്‍ വളാഞ്ചേരി ഭാഗത്തേക്കുള്ള ബസ്സ് സമയങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമെ കിട്ടാക്കനിയായ തെങ്ങുകയറ്റക്കാരെയും, തേങ്ങാപൊളിക്കാരെയുമെല്ലാം കണ്ട് കിട്ടണമെങ്കിലും ചിലപ്പോള്‍ ആഴ്ചകളുടെ പരിശ്രമം വേണ്ടിയിരുന്നു. എന്നാല്‍ എടപ്പലത്തുകാര്‍ ആവശ്യക്കാര്‍ക്ക് ഇവരുടെ നമ്പറും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങളാണ് നല്‍കുന്നത്.
ബസുകളുടെ വിവരങ്ങള്‍ക്ക് പുറമെ നാട്ടില്‍ ഒരു മരണമുണ്ടായാലോ മറ്റെന്തെങ്കിലും വിശേഷമുണ്ടായാലോ ആപ്പ് ജനങ്ങള്‍ക്ക് വിവരം നല്‍കും. പട്ടാമ്പി നിന്നുള്ള ട്രെയിന്‍ സമയം, ആസ്പത്രി വിവരങ്ങള്‍, കൂലിപ്പണി, ആശാരിപ്പണി, വയറിംഗ്, തേങ്ങാപൊളിക്കുന്നവരുടെ വിവരങ്ങള്‍, വിവിധ ബിസിനസ് സംരംഭങ്ങള്‍, കടകള്‍, രക്ത ഗ്രൂപ്പ് വിവരങ്ങള്‍ തുടങ്ങി എടപ്പലത്തെ സാധാരണക്കാര്‍ക്ക് എന്തൊക്കെ വേണമോ അതൊക്കെ എടപ്പലത്തുകാര്‍ എന്ന ആപ്പ് ഇന്ന് നല്‍കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാനും ആപ്പില്‍ സൗകര്യമുണ്ട്.
സ്മാര്‍ട്ഫോണുകള്‍ ഗ്രാമപ്രദേശങ്ങളില്‍ സജീവമായതോടെ എടപ്പലത്തുകാര്‍ ചെറുതായൊന്നുമല്ല ഇവിടത്തുകാരെ സാഹായിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് പ്ലേസ്റ്റോറില്‍ കയറി എടപ്പലത്തുകാര്‍ ഡൗണ്‍ലോഡ് ചെയ്ത് വെക്കണം എന്നത് മാത്രമാണ് ചെറിയ പണി.