Back to News
General

കൃഷിയില്‍ തിളങ്ങി തൊഴിലുറപ്പു വനിതകള്‍

കൃഷിയില്‍ തിളങ്ങി തൊഴിലുറപ്പു വനിതകള്‍
പച്ചക്കറിക്കൃഷിയില്‍ വിളയൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ മാതൃകയാവുന്നു. പഞ്ചായത്തിലെ തരിശുഭൂമിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷി ഇറക്കുന്നത്. 45ഓളം ലേബര്‍ഗ്രൂപ്പുകളായി തിരിച്ച്, പാട്ടത്തിന് സ്ഥലമെടുത്താണ് മിക്കയിടങ്ങളിലും കൃഷി. ഇതിനുപുറമെ കാടുപിടിച്ചുകിടക്കുന്ന പൊതുസ്ഥലങ്ങളും കൃഷിക്ക് അനുയോജ്യമാക്കിയെടുക്കുന്നുണ്ട്.
 
പച്ചക്കറികള്‍ക്കുപുറമെ ചേന, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയ ഇനങ്ങളും കൃഷിചെയ്യുന്നുണ്ട്. മിക്കയിടങ്ങളിലും വിളവെടുപ്പും ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. 11-ാം വാര്‍ഡിലെ വര്‍ണം ലേബര്‍ഗ്രൂപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിനോട് ചേര്‍ന്നുള്ള 50 സെന്റ് സ്ഥലത്തിറക്കിയ മധുരക്കിഴക്ക് കൃഷിയിലെ വിളവെടുപ്പ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ വി.പി. സിന്ധു അധ്യക്ഷയായി.
 
തൊഴിലുറപ്പ് അസി. എന്‍ജിനീയര്‍ മഞ്ജു, രാമനുണ്ണി, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 15 രൂപ നിരക്കിലാണ് കിഴങ്ങ് നല്‍കിയത്. ഇതില്‍നിന്നുലഭിച്ച വരുമാനത്തില്‍നിന്നുള്ള ഒരു തുക പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ കൈമാറി.
Related News