വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒാട്ടോഡ്രൈവറെ പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് വിളയൂരിലാണ് സംഭവം. റേഷൻകടയിലേക്ക് പോകാൻ ഒാട്ടോവിളിച്ചു പോകവേയാണ് പ്രതിയുടെ പീഡനശ്രമം ഉണ്ടായത്. വിളയൂർ കുപ്പൂത്ത് കരുവാൻകുഴി സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. കഴിഞ്ഞ 29 നാണ് കേസിനാസ്പദമായ സംഭവം. റേഷൻസാധനം വാങ്ങാൻ റേഷൻകടയിൽ പോകുന്നതിനാണ് വീട്ടമ്മ ഒാട്ടോ വിളിച്ചത്. യാത്രക്കിടെ ഒാട്ടോഡ്രൈവർ മോശമായി പെരുമാറി.
ശാരിരികമായി ഉപദ്രവിക്കാനും ശ്രമിച്ചു. വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിയായ അൻവർ സാദത്ത് തയ്യാറായില്ല. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. ഒടുവിൽ വാഹനം നിർത്താതായപ്പോൾ ഒാട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി വീട്ടമ്മ രക്ഷപെട്ടു. പരുക്കേറ്റ വീട്ടമ്മയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒാട്ടോഡ്രൈവർ അറസ്റ്റിൽ