പൊതുവിദ്യാഭ്യാസ സംരക്ഷണം ജനകീയ കൂട്ടായ്മയിലൂടെ നടപ്പാക്കി മാതൃക ആവുകയാണ് എടപ്പലം ഗ്രാമം. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളെ കൂട്ടായ്മയിലൂടെ ശക്തിപെടുത്തുക എന്നതുകൂടി പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. വിളയൂർ ഗ്രാമപഞ്ചായത്തിലെ എടപ്പലം എച്ച്.എ.എൽ.പി.സ്കൂളിലാണ് 525 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സ്മാർട്ട് ക്ലാസ് റൂം ഒരുങ്ങുന്നത്. 40 വിദ്യാർത്ഥികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്ന വിധത്തിലാണ് സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കുക. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണ് സംഘാടകർ. 6 ലക്ഷത്തിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ ശ്രമദാനത്തിലൂടെയാണ് എന്നുള്ളത് ശ്രദ്ധേയമാണ്.
നവതി ആഘോഷിക്കുന്ന വിദ്യാലയത്തിന് പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നോരുക്കുന്ന ഉപഹാരമാണ് സ്മാർട്ട് ക്ലാസ് റൂം. സ്കൂളിലെ അധ്യാപികയായിരുന്ന "പുലാക്കാട്ട് മാധവിക്കുട്ടി ടീച്ചർ സ്മാരക നവതി മന്ദിരം " എന്ന പേരിലാണ് കെട്ടിടം
പണി കഴിക്കുന്നത്. കർഷകരും കർഷക തൊഴിലാളികളുമായ ജനവിഭാഗമാണ് ഇവിടെ ഏറെയും.
സ്മാർട്ട് ക്ലാസ് റൂമിനാവശ്യമായ എൽ.ഇ.ഡി.ടി.വി, ഹോം തിയ്യറ്റർ, ഫാനുകൾ, ഫർണിച്ചറുകൾ, എന്നിവ ഇതിനകം തന്നെ പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി നൽകി കഴിഞ്ഞു. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യൂ.ഐ.പി) സമിതി കഴിഞ്ഞ വർഷം പട്ടാമ്പി ഉപജില്ലയിലെ 10 മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിരുന്നു. പ്രീ - പ്രൈമറി സംവിധാനം ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. 15 വർഷമായി മുടക്കം കുടാതെ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ പത്രമായ "കൊഞ്ചലി " ന്റെ അമ്പതാം ലക്കത്തിന്റെ പ്രകാശനം കഴിഞ്ഞ മാസം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന ലക്ഷ്യം എടപ്പലത്തെ ജനകീയ കൂട്ടായ്മ ഏറ്റെടുത്തതോടെ സംസ്ഥാനത്തിനാകെ മാതൃകയാവുകയാണ് ഈ എയ്ഡഡ് വിദ്യാലയം.